Malayalam story · മലയാളംCape Agulhas, South Africa

ആഫ്രിക്കൻ വൻകരയുടെ തെക്കേ മുനമ്പിൽ, രണ്ട് സമുദ്രങ്ങൾ പുണരുന്ന സുവർണ്ണസന്ധ്യയിൽ!

by Manz · 5 min read

ചില യാത്രകൾ ഭൂമിശാസ്ത്രത്തിന്റെ അതിരുകൾ തേടിയുള്ളതാണ്. മാപ്പിലെ വരകൾക്കപ്പുറം, പ്രകൃതി അതിന്റെ വിസ്മയങ്ങൾകൊണ്ട് ഒപ്പുവെച്ച ഒരിടത്തേക്ക് നമ്മൾ എത്തിച്ചേരുമ്പോൾ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാകാത്തതാണ്. ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ഗാർഡൻ റൂട്ട് ഡ്രൈവിനിടയിൽ, മൊസെൽ ബേയുടെ (Mossel Bay) മനോഹര തീരങ്ങളോട് വിടപറഞ്ഞ്, ഗാർഡൻ റൂട്ട് സഫാരി ലോഡ്ജിലെ വന്യതയും ആഫ്രിക്കൻ സഫാരിയും ആവോളം ആസ്വദിച്ച് ഞങ്ങൾ കേപ് ടൗണിലേക്ക് മടങ്ങുകയായിരുന്നു.

സഫാരി ലോഡ്ജിൽനിന്നും കഴിച്ച ഉച്ചഭക്ഷണത്തിന്റെ ആ ആലസ്യത്തിനിടയിലാണ് ഗൂഗിൾ മാപ്പ് ആ കാര്യം ഓർമ്മിപ്പിച്ചത്; “Tip of Africa” (ആഫ്രിക്കയുടെ തെക്കേ മുനമ്പ്) അധികം അകലെയല്ലാതെ തന്നെയുണ്ട്! ഭൂമിശാസ്ത്രപരമായി രണ്ട് വൻ സമുദ്രങ്ങൾ — അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും — തമ്മിൽ ഒന്നാകുന്ന സംഗമഭൂമിയും ഇവിടെത്തന്നെ. ഞങ്ങൾ നിശ്ചയിച്ചിരുന്ന N2 Highway റൂട്ടിൽ നിന്നും അല്പം വഴിമാറി കൂടുതൽ ദൂരം ഡ്രൈവ് ചെയ്യേണ്ടതുണ്ടായിരുന്നെങ്കിലും, ഒട്ടും മടിക്കാതെ ആ സ്റ്റോപ്പ് കൂടി യാത്രാപ്ലാനിൽ ഉൾപ്പെടുത്തി. ആഫ്രിക്കയുടെ ആ യഥാർത്ഥ 'അറ്റത്ത്' ഒന്നു തൊട്ടേക്കാം; അങ്ങനെയെങ്കിൽ കേപ് അഗുൽഹാസ് (Cape Agulhas) ആയിരിക്കട്ടെ അടുത്ത ലക്ഷ്യം!

ഭൂമിശാസ്ത്രത്തിന്റെ പാഠപുസ്തകങ്ങളിൽ ഒരത്ഭുതമായി അടയാളപ്പെടുത്തിയത് കൊണ്ട് മാത്രമല്ല, ഭൂമിയുടെ ഇത്തരം 'മൈൽസ്റ്റോണുകൾ' തേടിപ്പിടിച്ച് സന്ദർശിക്കുന്നത് സഞ്ചാരികൾക്ക് എപ്പോഴും ഒരു പ്രത്യേക കൗതുകമാണല്ലോ…

ലാ അഗുൽഹാസ് എന്ന ശാന്തസുന്ദര തീരം

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കേയറ്റം കാണാൻ കേപ്ടൗണിലേക്കുള്ള ഞങ്ങൾ സഞ്ചരിക്കുന്ന N2 ഹൈവേയിൽ നിന്നും ഏതാണ്ട് 110 കിലോമീറ്ററോളം വഴിമാറി R319 ലൂടെ വേണം അവിടെയെത്താൻ. 'ലാ അഗുൽഹാസ്' (L’Agulhas) എന്ന കൊച്ചു തീരദേശ പട്ടണത്തിൽ ഞങ്ങളുടെ വണ്ടിയെത്തുമ്പോൾ സമയം അഞ്ചുമണി കഴിഞ്ഞിരുന്നു. ശൈത്യകാല സന്ധ്യയായതുകൊണ്ട് (South Africa’s winter season June–August) സൂര്യൻ നേരത്തെത്തന്നെ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.

പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻചെരിവുകളിൽ തലയുയർത്തി നിൽക്കുന്ന മനോഹരമായ കെട്ടിടങ്ങൾ. ആ തീരദേശ പട്ടണത്തിലൂടെ നീളുന്ന രണ്ടുവരിപ്പാത ചെന്നവസാനിക്കുന്നത് അഗുൽഹാസ് നാഷണൽ പാർക്കിലാണ്. തനതായ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്ന ആ സംരക്ഷിത തീരത്ത് ഒരു ബോർഡ് ഞങ്ങളെ വരവേറ്റു: “Tip of Africa” (ആഫ്രിക്കയുടെ തെക്കേ മുനമ്പ്). രണ്ട് മഹാസമുദ്രങ്ങൾ പ്രണയത്തോടെയും പ്രൗഢിയോടെയും പുണരുന്ന ഈ സംഗമഭൂമിയിൽ ഞങ്ങൾ എത്തുമ്പോൾ സഞ്ചാരികൾ ഒഴിഞ്ഞുതുടങ്ങിയിരുന്നു. ആരവങ്ങളില്ലാത്ത ആ ശാന്തതയിൽ, മരപ്പലകകൾ പാകിയ വഴിയിലൂടെ ആ മുനമ്പിലേക്ക് പതുക്കെ നടന്നു.

സതേൺ ടിപ്പ് മോണുമെന്റിനരികിൽ.

കവിതയാകുന്ന സമുദ്രസംഗമം

പടിഞ്ഞാറൻ ചക്രവാളത്തിൽ പതുക്കെ താഴ്ന്നുപോകുന്ന സൂര്യൻ ആകാശമാകെ തങ്കഭസ്മം വിതറിയിട്ടുണ്ടായിരുന്നു. നീലാകാശം പെട്ടെന്നാണ് സ്വർണ്ണവും ഓറഞ്ചും ചായങ്ങൾ പടർന്ന ഒരു മാന്ത്രിക ക്യാൻവാസായി മാറിയത്. വൻകരയുടെ അവസാനത്തെ മൺതരിയിലും ചവിട്ടി നിൽക്കുമ്പോൾ, പ്രകൃതിയുടെ ആ അനന്യമായ രൂപത്തിന് മുന്നിൽ ഞാൻ നിശ്ശബ്ദനായി.

ഇവിടെയാണ് ആ അത്ഭുതം സംഭവിക്കുന്നത്; ഇന്ത്യൻ മഹാസമുദ്രവും അറ്റ്ലാന്റിക് മഹാസമുദ്രവും തമ്മിൽ അതിരുകളില്ലാതെ പരസ്പരം ലയിച്ചുചേരുന്ന ഇടം! ഭൂമിശാസ്ത്ര വിദ്യാർത്ഥികൾക്ക് ഇതൊരു പാഠപുസ്തകമാണെങ്കിൽ, ഒരു യാത്രികനെ സംബന്ധിച്ച് ഇതൊരു സ്വപ്നസാക്ഷാത്കാരമാണ്.

ആഫ്രിക്കയുടെ തെക്കേ മുനമ്പിലെ സ്മാരകശില.

ആ കാഴ്ചകളിലൂടെ നടക്കുമ്പോൾ മനസ്സ് വർഷങ്ങൾക്ക് മുൻപുള്ള മറ്റൊരു യാത്രയിലേക്ക് പിന്നോട്ട് സഞ്ചരിച്ചു. മൊറോക്കോയിലെ ടാൻജിയറിൽ വെച്ച് അറ്റ്ലാന്റിക്ക് സമുദ്രവും മെഡിറ്ററേനിയൻ കടലും ഒന്നാകുന്ന 'കേപ് സ്പാർട്ടൽ' (Cape Spartel) കണ്ടതും, ജിബ്രാൾട്ടർ കടലിടുക്കിലൂടെ മൊറോക്കോയിൽ നിന്നും സ്പെയിനിലേക്ക് നടത്തിയ ഫെറി യാത്രയും ഒരു ചലച്ചിത്രമെന്നോണം ഓർമ്മയിൽ തെളിഞ്ഞു വന്നു. ഇത്തരം അതിരുകളുടെ സംഗമസ്ഥാനങ്ങൾ സഞ്ചാരികളെ എന്നും ആകർഷിക്കുന്നതിൽ അത്ഭുതമില്ല!

ആത്മാവിലേക്ക് പെയ്യുന്ന തിരമാലകളുടെ സംഗീതം

തണുത്ത കടൽക്കാറ്റ് എന്റെ മുഖത്തെ ആർദ്രമായി തഴുകി കടന്നുപോയി. അസ്തമയത്തിന്റെ സുവർണരശ്മികൾ പാറക്കെട്ടുകളിൽ തല്ലിത്തകരുന്ന തിരമാലകൾക്ക് മേൽ ഒരു മാന്ത്രികച്ചായം പൂശുന്നുണ്ടായിരുന്നു. പാറകളിൽ തട്ടി ചിതറിത്തെറിക്കുന്ന കടൽവെള്ളം പാലുപോലെ വെൺമയാർന്നതായി തോന്നി. ആ കാഴ്ച കണ്ണുകൾകൊണ്ടുമാത്രം കാണേണ്ട ഒന്നല്ല, മറിച്ച് ആത്മാവിലേക്ക് ആവാഹിക്കേണ്ട ഒന്നായിരുന്നു. ഓരോ തിരയും തീരത്തോട് മന്ത്രിക്കുന്നത് പ്രകൃതിയുടെ നിഗൂഢമായ ഏതോ സംഗമമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ കണ്ട ഏതൊരു തീരവും പോലെ ഈ തീരവും മനോഹരവും മോഹിപ്പിക്കുന്നതുമാണ്. പാറക്കൂട്ടങ്ങളും, നീലക്കടൽ വന്ന് തീരത്ത് തൂവെള്ള തിരകൾ അലയൊലി തീർക്കുന്നതും, പച്ചപ്പ് പുതച്ച് കടൽത്തീരം വരെ നീളുന്ന മലനിരകളും എല്ലാം ചേർന്നൊരു കാന്തികമായ തീരം.

സഞ്ചാരികൾ ഒഴിഞ്ഞ ആ മണൽപ്പുറത്ത് “Southern Tip of Africa” എന്ന സ്മാരകസ്തംഭത്തിനരികിൽ ഞാൻ ഒരിത്തിരി നേരം കണ്ണടച്ചിരുന്നു. ഇടതുവശത്ത് ഇന്ത്യൻ മഹാസമുദ്രം, വലതുവശത്ത് അറ്റ്ലാന്റിക് സമുദ്രം... മുന്നിൽ അനന്തതയിലേക്ക് നീളുന്ന രണ്ട് മഹാസമുദ്രങ്ങൾ മാത്രം! അവിടെ നിന്നും ഏകദേശം 2500 മൈലുകൾക്കപ്പുറം തണുത്തുറഞ്ഞ അന്റാർട്ടിക്കയാണ്. അവിടെ നിന്നും ഈ തീരങ്ങൾ ലക്ഷ്യമാക്കി തിമിംഗലങ്ങൾ നീന്തി തുടങ്ങിയിട്ടുണ്ടാകും.

രണ്ട് മഹാസമുദ്രങ്ങളുടെ സംഗമതീരത്ത് ഒരു സന്ധ്യ.

നൂറ്റാണ്ടുകളായി എത്രയെത്ര കപ്പലുകളെയായിരിക്കാം ഈ കടൽ വരവേറ്റിട്ടുണ്ടാവുക? എത്ര കൊടുങ്കാറ്റുകൾക്കും ശാന്തസന്ധ്യകൾക്കും ഇത് സാക്ഷ്യം വഹിച്ചിട്ടുണ്ടാകും? ആ ആർത്തലയ്ക്കുന്ന തിരകളിൽ ചരിത്രത്തിന്റെ പ്രതിധ്വനികളുണ്ടായിരുന്നു. വൻകരകൾ കീഴടക്കാൻ ഇറങ്ങിത്തിരിച്ച പുരാതന നാവികരുടെ സ്വപ്നങ്ങളും നിശ്വാസങ്ങളും ആ കാറ്റിൽ കലർന്നിട്ടുണ്ടായിരുന്നു. ഇവിടെ നിന്നും 150 കിലോമീറ്ററോളം ഡ്രൈവ് ചെയ്താൽ പ്രശസ്തമായ കേപ് ഓഫ് ഗുഡ് ഹോപ്പിൽ എത്താം. ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറൻ അറ്റമായ അവിടേക്കാണ് ഞങ്ങളുടെ നാളത്തെ യാത്ര.

ചരിത്രത്തിന്റെ വഴിവിളക്ക്

സ്തംഭത്തിന് മുന്നിൽ നിന്നാൽ കേപ് അഗുൽഹാസിന് കാവലായി നിൽക്കുന്ന, ഇരു സമുദ്രങ്ങളുടെ പ്രണയത്തിന്റെ സാക്ഷിയായ ലൈറ്റ്‌ഹൗസ് കാണാം. 1849-ൽ നിർമ്മിക്കപ്പെട്ട ഈ ചുവപ്പും വെള്ളയും ഗോപുരം, ദക്ഷിണാഫ്രിക്കയിൽ ഇന്നും പ്രവർത്തനക്ഷമമായിട്ടുള്ള ഏറ്റവും പഴക്കമേറിയ ലൈറ്റ്‌ഹൗസുകളിൽ ഒന്നാണ്. നൂറ്റാണ്ടുകളായി ഇരമ്പുന്ന കടലിൽ വഴിതെറ്റിയ നാവികർക്ക് പ്രകാശമേകിയ ഈ പൈതൃകസ്തംഭം ഇന്നും പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു.

കേപ് അഗുൽഹാസ് ലൈറ്റ്‌ഹൗസ്.

ആഫ്രിക്കയുടെ ഈ അറ്റത്തേക്ക് നടത്തിയ യാത്രയും അവിടുത്തെ സുവർണസന്ധ്യയും സാധാരണ വിനോദയാത്ര മാത്രമായിരുന്നില്ല. ഭൂമിശാസ്ത്രവും ചരിത്രവും പ്രകൃതിയും ഒന്നുചേർന്ന് നമ്മുടെ ഉള്ളിൽ തൊടുന്ന നിമിഷമായിരുന്നു അത്. പ്രപഞ്ചത്തിന്റെ ഈ മഹാവിസ്തൃതിക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സാരനാണെന്നും പ്രകൃതി എത്ര മഹത്തരമാണെന്നും നാം തിരിച്ചറിയുന്ന നിമിഷം.

ഇപ്പോഴും ഉള്ളിൽ ആ തണുത്ത കടൽക്കാറ്റും, സുവർണപ്രഭയിൽ മുങ്ങിയ ആകാശവും, പാറകളിൽ തട്ടി ചിതറിയ പാൽത്തിരകളും ബാക്കിയുണ്ട്. അതോടൊപ്പം, രണ്ട് മഹാസമുദ്രങ്ങൾ തമ്മിൽ നടത്തുന്ന ആ അനന്തമായ സംഭാഷണവും. നിങ്ങൾ കേപ് ടൗൺ സന്ദർശിക്കുകയാണെങ്കിൽ, യാത്രയിൽ കേപ് അഗുൽഹാസ് കൂടി തീർച്ചയായും ഉൾപ്പെടുത്തുക; അതൊരിക്കലും ഒരു നഷ്ടമായിരിക്കില്ല!

Location
Tip of Africa
Nearest Airport
Cape Town (CPT)
Entry Fee
Zero

ഈ വിവരങ്ങൾ യാത്രാസമയത്തേതാണ്. പ്രവേശന നിരക്കും റോഡ് ദൂരവും യാത്രയ്ക്ക് മുൻപ് പരിശോധിക്കുക.

— Manz

Ambient sound off