Malayalam story · മലയാളംPanathenaic Stadium, Athens, Greece
ആദ്യത്തെ ഒളിമ്പിക് സ്റ്റേഡിയത്തിൽ: Athens, Greece
by Manz · 5 min read
ഒളിമ്പിക്സിന്റെ ചരിത്രത്തിലൂടെ പനതനായിക് സ്റ്റേഡിയം സന്ദർശനം: ആതൻസ്, ഗ്രീസ്
ചരിത്രത്തിന്റെ ഈറ്റില്ലമായ ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസ് യാത്രയിൽ ആണ് പുരാതന-ആധുനിക ഒളിംപിക്സിന്റെ തൊട്ടിൽ എന്ന് വിശേഷിപ്പിക്കാവുന്ന ചരിത്രത്തിന്റെ ആ ട്രാക്കിലൂടെ നടന്നത്… അതെ… ആധുനിക ഒളിംപിക്സ് നു തുടക്കം കുറിച്ച അതെൻസിലെ Panathenaic Stadium.
ഏഥൻസ്, ഗ്രീസ്
ഗ്രീസിന്റെ തലസ്ഥാനവും പാശ്ചാത്യ സംസ്കാരത്തിന്റെ തൊട്ടിലുമാണ് ആതൻസ്. ലോകത്തിന്റെ ആദ്യ ജനാധിപത്യ വ്യവസ്ഥിതിയുടെ ജന്മസ്ഥലമായ, പുരാതന ഗ്രീക്ക് സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന, ബി.സി. അഞ്ചാം നൂറ്റാണ്ടിൽ, സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ തത്ത്വചിന്തകർ ജീവിച്ച മണ്ണ് — ആതൻസ്. അക്രോപോളിസ്, പാർഥനോൺ, ഒളിമ്പ്യൻ സിയൂസിന്റെ ക്ഷേത്രം തുടങ്ങിയവ ഏഥൻസിന്റെ പുരാതന ശോഭയുടെ സാക്ഷ്യങ്ങൾ നിരവധിയാണ്.
ഇന്ന്, ഏഥൻസ് പുരാതനവും ആധുനികവും സമന്വയിപ്പിക്കുന്ന ഒരു മഹാനഗരമാണ്, അവിടെ പുരാതന ചരിത്ര കാഴ്ചകൾക്ക് ഒപ്പം ആധുനികതയുടെ നഗര അനുഭവങ്ങളും ഓരോ സഞ്ചാരിക്കും ആസ്വദിക്കാം… ഗ്രീക്ക് ഭക്ഷണം, സംഗീതം, ഉത്സവങ്ങൾ, ആചാരങ്ങൾ എന്നിവ ഏഥൻസിന്റെ സാംസ്കാരിക സമ്പന്നത വെളിവാക്കുന്നു.
പനതനായിക് സ്റ്റേഡിയത്തിന്റെ ചരിത്രം
പനതനായിക് സ്റ്റേഡിയം, “കല്ലിമർമാരോ” (Kallimarmaro — മനോഹരമായ മാർബിൾ) എന്നറിയപ്പെടുന്ന, ലോകത്തിലെ ഏക മാർബിൾ സ്റ്റേഡിയമാണ്. ആതൻസ് നഗര ഹൃദയത്തിൽ തന്നെ ആണ് ഇതു സ്ഥിതി ചെയ്യുന്നത്. Syntagma Square നും ഒളിപിക് Zeus ദേവന്റെ ക്ഷേത്രത്തിനും 800 മീറ്റർ മാത്രം അകലയാണ് സ്റ്റേഡിയം. ഈ സ്റ്റേഡിയത്തിന്റെ ചരിത്രം തുടങ്ങുന്നത് ബി.സി. 330-മുതൽ ആണെന്ന് അറിയുമ്പോഴാണ് എത്ര സമ്പുഷ്ടമായ ചരിത്രം ഉറങ്ങുന്ന മണ്ണാണ് ആതൻസ് എന്ന് മനസ്സിലാകുന്നത്. ബിസി 330 ഇൽ ഏഥൻസിലെ രാഷ്ട്രീയ നേതാവായ ലൈക്കുർഗോസ്, പനതനായിക് ഗെയിംസിനായി (Panathenaic Games) ഒരു സ്റ്റേഡിയം നിർമ്മിച്ചു. ഏഥൻസിന്റെ രക്ഷാദേവതയായ അഥീന ദേവിയെ ആദരിക്കുന്നതിനായി നാല് വർഷത്തിലൊരിക്കൽ നടത്തപ്പെട്ടിരുന്ന ഉത്സവത്തിന്റെ ഭാഗമായാണ് ഈ ഗെയിംസ് നടത്തിയിരുന്നത്, ഇത് ദിവസങ്ങൾ നീളുന്ന ആഘോഷം ആയിരുന്നു, ഉത്സവത്തിൽ യാഗങ്ങൾ, സംഗീത-അത്ലറ്റിക് മത്സരങ്ങൾ, അഥീനയ്ക്ക് പുതിയ അങ്കി സമ്മാനിക്കുന്ന ഒരു വലിയ ഘോഷയാത്ര എന്നിവ ഉൾപ്പെട്ടിരുന്നു.
പിന്നീട് എ.ഡി. 144-ൽ, റോമൻ ഭരണകാലത്ത്, റോമൻ സെനറ്ററും ഏഥൻസിലെ പ്രമുഖനുമായ ഹെറോഡെസ് അറ്റിക്കസ് ഈ സ്റ്റേഡിയം പെന്റലിക് മാർബിളിൽ പുനർനിർമ്മിച്ചു, 50,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വമ്പൻ സ്റ്റേഡിയമാക്കി മാറ്റി. ഈ കാലഘട്ടത്തിൽ, സ്റ്റേഡിയം അന്നു യൂറോപ്പിൽ നിലനിന്നിരുന്ന പോലെ ഗ്ലാഡിയേറ്റർ മത്സരങ്ങൾക്കും – മൃഗങ്ങളുടെ പോരാട്ടങ്ങൾക്കും ആതിഥേയത്വം വഹിച്ചു. ഇത്തരം ഗ്ലാഡിയേറ്റർ മത്സരങ്ങൾക്കായി നിർമ്മിച്ചത് ആയിരുന്നു റോമിലെ കൊളോസിയവും.
എന്നാൽ, എ.ഡി. നാലാം നൂറ്റാണ്ടിൽ ക്രിസ്ത്യാനിത്വത്തിന്റെ വരവോടെ, ഈ “പാഗൻ” ഉത്സവങ്ങൾ ഗ്രീസിൽ നിരോധിക്കപ്പെട്ടതിനാൽ സ്റ്റേഡിയം ഉപേക്ഷിക്കപ്പെട്ടു.
19-ാം നൂറ്റാണ്ടിൽ, 1836-ലും 1869-ലും നടന്ന ഉത്ഖനനങ്ങളിലൂടെ ഈ സ്റ്റേഡിയം വീണ്ടും കണ്ടെത്തി. 1870-ലും 1875-ലും സപ്പാസ് ഒളിമ്പിക്സ് (Zappas Olympics) ഇവിടെ നടന്നു. Greek business man Zappas സ്പോൺസർ ചെയ്തത് കൊണ്ടാണ് അതിനു Zappas ഒളിംപിക്സ് എന്ന് അറിയപ്പെട്ടിരുന്നത്. 1896-ൽ, ആധുനിക ഒളിമ്പിക്സിന്റെ ആദ്യ പതിപ്പിനായി, ഗ്രീക്ക് ധനികനായ ജോർജ് അവെറോഫിന്റെ സാമ്പത്തിക സഹായത്തോടെ, ആർക്കിടെക്ടുകളായ അനസ്റ്റാസിയോസ് മെറ്റാക്സസും എർനസ്റ്റ് സില്ലറും ചേർന്ന് സ്റ്റേഡിയം പൂർണമായും പെന്റലിക് മാർബിളിൽ പുനർനിർമ്മിച്ചു. 80,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ സ്റ്റേഡിയം, 1896-ലെ ആദ്യ ആധുനിക ഒളിമ്പിക്സിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകൾക്കും, നാല് മത്സരങ്ങൾക്കും വേദിയായി. 2004-ലെ ഏഥൻസ് ഒളിമ്പിക്സിൽ, ഈ സ്റ്റേഡിയം ആർച്ചറി മത്സരത്തിനും മാരത്തോൺ ഫിനിഷിനും ഉപയോഗിച്ചു. ഇന്ന്, ഒളിമ്പിക് ദീപ ശിഖ കൈമാറ്റ ചടങ്ങിന്റെ ആരംഭസ്ഥലമാണ് ഈ സ്റ്റേഡിയം.
പനതനായിക് സ്റ്റേഡിയം ഇന്ന് ഏഥൻസിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നാണ്. ഹെല്ലനിക് (ഗ്രീക്ക്) ഒളിമ്പിക് കമ്മിറ്റി, യുവാക്കൾക്കിടയിൽ കായിക മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റേഡിയത്തെ ഒരു പ്രധാന ആകർഷണമാക്കി നിലനിർത്തുന്നതിനും വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. സ്റ്റേഡിയത്തിനകത്ത് ഒരു ചെറിയ മ്യൂസിയവും സജ്ജീകരിച്ചിട്ടുണ്ട്, 1896 മുതലുള്ള ഒളിമ്പിക് ടോർച്ചുകളും (ദീപ ശിഖ), പോസ്റ്ററുകളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു, മ്യൂസിയം സന്ദർശനത്തിലൂടെ ഒളിമ്പിക്സിന്റെ ചരിത്രം ആഴത്തിൽ മനസ്സിലാക്കാൻ സഞ്ചാരികൾക്ക് കഴിയും. പുരാതന-ആധുനിക ഒളിംപിക്സ് ന്റെ ചരിത്രം നമുക്ക് ഇവിടെ കണ്ടറിയാം…
ഏഥൻസിലെ പനതനായിക് സ്റ്റേഡിയം സന്ദർശനം ഒരു അവിസ്മരണീയ അനുഭവമാണ്. സിന്റാഗ്മ, അക്രോപോളിസ്, അല്ലെങ്കിൽ ഇവാഞ്ചലിസ്മോസ് മെട്രോ സ്റ്റേഷനുകളിൽ നിന്ന് 1 കിലോമീറ്ററിൽ താഴെ ദൂരം നടന്നാൽ സ്റ്റേഡിയത്തിലെത്താം… Hope of Hope on ബസുകളും സ്റ്റേഡിയത്തിന് അടുത്ത് സ്റ്റോപ്പ് ഉണ്ട്. പ്രവേശന ടിക്കറ്റിന് 10 യൂറോ (മുതിർന്നവർക്ക്), 5 യൂറോ (65 വയസ്സിന് മുകളിലുള്ളവർക്കും വിദ്യാർത്ഥികൾക്കും), കുട്ടികൾക്കും (6 വയസ്സിന് താഴെ) ശാരീരിക വൈകല്യമുള്ളവർക്കും സൗജന്യം.
രാവിലെ 8 മുതൽ വൈകുന്നേരം 7 വരെ സമ്മറിലും രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ വിന്ററിലും ആണ് ടൂറിസ്റ്റ്കൾക്ക് സ്റ്റേഡിയത്തിനകത്ത് പ്രവേശനം അനുവദിക്കുന്നത്.
സ്റ്റേഡിയത്തിന്റെ മാർബിൾ ഗോവണികൾ കയറുമ്പോൾ, 50,000–80,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ മഹത്തായ സൗധത്തിന്റെ ഗാംഭീര്യം അനുഭവിക്കാം. 21-ാം സെക്ഷന്റെ മുകളിലെ ബ്ലീച്ചറിൽ നിന്ന്, അക്രോപോളിസ്, പാർഥനോൺ, ലൈക്കബെറ്റസ് ഹിൽ, നാഷണൽ ഗാർഡൻ എന്നിവയുടെ മനോഹരമായ കാഴ്ചകൾ കാണാം. സാധാരണ സീറ്റുകൾ കൂടാതെ മാർബിളിൽ തീർത്ത സിംഹാസനം മാതൃകയിലുള്ള ഇരിപ്പിടങ്ങളും നമുക്ക് കാണാം. ഇവ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും വിശിഷ്ട അതിഥികൾക്കുമുള്ള ഇരിപ്പിടങ്ങൾ ആയിരിന്നു.
ഗാലറി വഴി സ്റ്റേഡിയത്തിന്റെ ട്രാക്കിൽ ഇറങ്ങി ചരിത്രം കടന്നു പോയ ആ കറുത്ത സിങ്റ്റിക് ട്രാക്കിലൂടെ ഒരു ഓട്ടം പൂർത്തിയാക്കിയത് അവസ്മരണീയ അനുഭവമായിരുന്നു. പുരാതന ഒളിമ്പ്യന്മാരുടെ പാദങ്ങൾ പിന്തുടരുന്നതിന്റെ ആവേശം! ഓട്ടം പൂർത്തിയാക്കി ഒളിമ്പിക് റിംഗുകൾക്ക് മുന്നിൽ, വിജയികളുടെ പോഡിയത്തിൽ (വിക്ടറി സ്റ്റാൻഡ്) നിന്ന് ഫോട്ടോ എടുത്തത് ഒരു മറക്കാനാവാത്ത നിമിഷമായി.
പനതനായിക് സ്റ്റേഡിയം സന്ദർശനം, ഏഥൻസിന്റെ യും ഒളിമ്പിക്സിന്റെയും പുരാതനവും ആധുനികവുമായ പൈതൃകത്തിലേക്കുള്ള ഒരു യാത്രയാണ്. ഈ മാർബിൾ സ്റ്റേഡിയം, ഗ്രീക്ക് സംസ്കാരത്തിന്റെയും ഒളിമ്പിക് നാൾ വഴികളുടെയും ജീവനുള്ള പ്രതീകമാണ്. ചരിത്ര പ്രേമികൾക്കും കായിക താൽപ്പര്യമുള്ളവർക്കും, ഈ സ്ഥലം ഒരു അവിസ്മരണീയ അനുഭവം സമ്മാനിക്കും. ഏഥൻസിന്റെ ഹൃദയത്തിൽ, പനതനായിക് സ്റ്റേഡിയം ഗ്രീസിന്റെ അനശ്വരമായ ആത്മാവിനെ പ്രതിനിധീകരിക്കുന്നു.
ശുഭം
— Manzcp
ഈ വിവരങ്ങൾ യാത്രാസമയത്തേതാണ്. പ്രവേശന നിരക്കും സന്ദർശന സമയവും യാത്രയ്ക്ക് മുൻപ് പരിശോധിക്കുക.